ശിവശങ്കറിൻ്റെ കഥയിലെ ആത്മാവിനെ സ്വപ്ന പുറത്തെടുത്തു ; സ്വർണക്കടത്ത് കേസ് സർക്കാരിനെ തിരിഞ്ഞുകുത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തൻ ശിവശങ്കറിൻ്റെ കഥയിലെ ആത്മാവിനെ സ്വപ്ന പുറത്തെടുത്തതോടെ ഇനി കത്താനിടയില്ലെന്ന് എല്ലാവരും കരുതിയ സ്വർണക്കടത്ത് കേസ് സർക്കാരിനെ വീണ്ടും തിരിഞ്ഞുകുത്തുന്നു. മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരേ സ്വപ്നാ സുരേഷ് രംഗത്തെത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയാണ്. അന്വേഷണം ശരിയായി നടക്കുമെന്നോ കുറ്റക്കാർ പിടിക്കപ്പെടുമെന്നോ വിശ്വാസമുള്ളവർ കുറവാണ്. വിഷയങ്ങൾ സെറ്റിൽ ചെയ്യാൻ പ്രഗത്ഭരായവർ അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് പുറത്ത് വരുന്ന ഒച്ചപ്പാടിനപ്പുറം കാര്യങ്ങൾ നീങ്ങില്ലെന്നാണ് സൂചന. വീണുകിട്ടിയ ഊർജം ആയുധമാക്കി മാറ്റാനാവതെ വെറും പ്രസ്താവനകളിൽ മാത്രം ഊറ്റം കൊള്ളുന്ന തകർന്നടിഞ്ഞ പ്രതിപക്ഷത്തിന് ഒന്നും കഴിയുകയുമില്ല.

സ്വർണക്കടത്ത് കേസിനു പിന്നിലെ ‘ഗൂഢാലോചന’ നിഴലായി നിർത്തി ഒരു വെള്ളപൂശലാണ് ശിവശങ്കർ പുസ്തകത്തിലൂടെ നടത്തിയത്. മുഖ്യമന്ത്രിയായിരുന്നു ലക്ഷ്യമെന്നും താനതിന്റെ ഇരയാണെന്നും പറഞ്ഞും പറയാതെയും തിടുക്കത്തിൽ തട്ടിക്കൂട്ടിയ അശ്വദ്ധാമാവ് കെട്ടുകാഴ്ച പോലെ നിലകൊള്ളുന്നു. ഇത് സർക്കാരിനെ സന്തോഷിപ്പിക്കുന്നതും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന സിപിഎം വാദത്തെ ബലപ്പെടുത്തുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ശിവശങ്കറിന്റെ തുറന്നുപറച്ചിൽ സി.പി.എം. സൈബറിടങ്ങൾ ഏറ്റെടുത്തു.

മറുപടിയായി സ്വപ്ന എത്തുമെന്ന് ശിവശങ്കറും സർക്കാരും പ്രതീക്ഷിച്ചില്ല. പുസ്തകത്തിലെ ആരോപണത്തെക്കാൾ, വിശ്വസിച്ച് കൂടെനിർത്തുകയും തള്ളിപ്പറഞ്ഞ് വിശുദ്ധനാകുകയും ചെയ്ത ശിവശങ്കറിന്റെ മനോഭാവമാണ് സ്വപ്നയെ പ്രകോപിപ്പിച്ചത്. ശിവശങ്കറിന്റെ വാദങ്ങൾ ഒന്നൊന്നായി തെറ്റാണെന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു. ഇതിന് അനുബന്ധ കാര്യങ്ങൾകൂടി വിവരിച്ചതോടെ, അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലായി.

ശിവശങ്കറിന്റെ പുസ്തകം അനാവശ്യ വിവാദത്തിന് വഴിവെച്ചുവെന്ന് സി.പി.എമ്മിൽ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. പഴയ ആരോപണങ്ങളെന്ന നിലയിൽ സ്വപ്ന ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അവഗണിക്കാനാണു സാധ്യത. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികൾക്ക് സംരക്ഷണമൊരുക്കിയെന്നതും പോലീസിനെ കള്ളത്തരത്തിന് ഉപയോഗിച്ചുവെന്നതുമായ വെളിപ്പെടുത്തലാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

സ്വപ്നയുടെ ‘ശബ്ദസന്ദേശ’ത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയിൽ കമ്മിഷൻ ഇടപാട് നടന്നതും പദ്ധതി നടപ്പാക്കുന്നതിൽ ഇപ്പോൾ സർക്കാർ താത്‌പര്യം കാണിക്കാത്തത് കമ്മിഷൻ കിട്ടാത്തതിനാലാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നത് ഈ വിവാദത്തിന്റെ രാഷ്ട്രീയമർമം തിരിച്ചറിഞ്ഞാണ്.