ന്യൂഡെൽഹി: പെഗാസസ് വിഷയത്തിലെ പുതിയ വെളിപ്പെടുത്തൽ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാക്കും.
പെഗാസസ് ചാര സോഫ്റ്റ്‌വേർ ഇസ്രയേലിൽനിന്ന് ഇന്ത്യ വാങ്ങിയതാണെന്ന ‘ന്യൂയോർക് ടൈംസി’ന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെടും. എന്നാൽ, പെഗാസസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണം, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് സമ്മേളനം.ഇന്ന് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും.
അരമണിക്കൂറിനുശേഷം ലോക്‌സഭ ചേരുമ്പോൾ ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തികസർവേ സഭയിൽ വെക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ലോക്‌സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചർച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചർച്ചയ്ക്കു മറുപടി പറയും. നാളെ രാവിലെ ലോക്‌സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും.