കൊച്ചി: വിവാഹ വാർഷിക ലഹരിമരുന്ന് പാർട്ടിയിൽ 16 പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ഗുണ്ടാ നേതാക്കളിലേക്ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവൻ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി സൂചനയുണ്ട്. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും.
റിസോർട്ടിലെത്തിയ ലഹരിമരുന്നിൻ്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ഗോവയിലെ ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്സിൻ്റെ വിവാഹ വാർഷികം ആഘോഷിക്കാനാണ് ടി.പി വധകേസ് പ്രതി കിർമാണി മനോജടങ്ങുന്ന സംഘം റിസോർട്ടിൽ ഒത്തുകൂടിയത്. പോലീസ് റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് പാർട്ടിക്ക് പിന്നിൽ മറ്റ് അജൻഡകൾ ഉണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.
കേരളത്തിൽ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളിൽ പിടിയിലായ പ്രതികൾക്ക് പങ്കുണ്ടോയെന്നും കണ്ടെത്തും. ലഹരിമരുന്ന് പാർട്ടിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രാത്രികാല പട്രോളിങ്ങ് കർശനമാക്കാനാണ് ജില്ല പോലീസ് മേധാവിയുടെ നിർദേശം.