കണ്ണൂർ: ധർമ്മടത്ത് ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട വിദ്യാർത്ഥി ജീവനൊടുക്കി. കണ്ണൂർ ധർമ്മടം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി അദിനാൻ ആണ് ആത്മഹത്യ ചെയ്തത്. ഓൺലൈനായാണ് വിഷം വാങ്ങിയതെന്നും സംശയമുണ്ട്. എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അദിനാൻ. കിടപ്പുമുറിയിലാണ് അദിനാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ഒരു മാസമായി കുട്ടി സ്‌കൂളിൽ പോകുകയോ വീടിന് പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. ഏതാനും നാളുകളായി ആത്മഹത്യ പ്രവണതയും കാണിച്ചിരുന്നു. കൈഞരമ്പ് മുറിച്ച് അദിനാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ശേഷം ഇന്നലെയാണ് കുട്ടി വിഷം കഴിച്ച് മരിച്ചത്. കുട്ടിയുടെ മൊബൈൽ ഫോൺ തകർത്ത നിലയിൽ മുറിയിൽ നിന്നും കണ്ടെത്തി. ഫോൺ അടിച്ചു തകർത്തതിന് പിന്നാലെ അദിനാൻ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താനാകൂവെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഏത് ഗെയിമാണ് കുട്ടി കളിച്ചിരുന്നത്, പണം നഷ്ടപ്പെട്ടിരുന്നോ, ഏതെല്ലാം വെബ്‌സൈറ്റുകളിലാണ് സ്ഥിരമായി സന്ദർശിക്കാറുള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.