കുമളി: കേരള കോൺഗ്രസ് ബന്ധത്തിലൂടെ ഇടതു മുന്നണിക്ക് വോട്ടുവിഹിതം കാര്യമായി വർധിപ്പിക്കാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലിസിന് വീഴ്ചകൾ സംഭവിച്ചതായും കോടിയേരി സമ്മതിച്ചു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് കോടിയേരിയുടെ കുറ്റസമ്മതം. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തവർ പോലീസിന്റെ ഇടക്കാല പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചർച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവർത്തകർക്ക് ഉറപ്പുനൽകി.സി.പി.ഐയെ കോടിയേരി ശക്തമായ ഭാഷയിൽ വിമർശിച്ചു. സി.പി.ഐ.യുടെ വകുപ്പുകൾ സർക്കാരിന് ബാധ്യതയാകുന്നുണ്ട്. റവന്യൂ-കൃഷി വകുപ്പുകൾ ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബന്ധം മൃഗങ്ങളുമായിട്ടാണെന്നും മനുഷ്യരുമായി ബന്ധമില്ലാത്തതിനാലാണ് മൃഗങ്ങളെപ്പോലെ പെരുമാറുന്നതെന്നും കോടിയേരി ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. സി.പി.ഐ.യ്ക്കെതിരായി സമ്മേളന പ്രതിനിധികളുയർത്തിയ വിമർശനത്തെ പിന്തുണച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവർത്തനം മോശമാണെന്ന ആക്ഷേപവും സമ്മേളന പ്രതിനിധികൾ ഉന്നയിച്ചിരുന്നു. കോടിയേരി പറഞ്ഞു.