തിരുവനന്തപുരം: പി ആർ എസ് ഹോസ്പിറ്റലിന് സമീപം വൻ തീപിടുത്തമുണ്ടായ ആക്രിക്കട പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് ഒടുവിൽ കോർപ്പറേഷൻ കണ്ടെത്തി. വൻ തീപിടുത്തം വേണ്ടി വന്നു കോർപ്പറേഷന് ഇത് കണ്ടെത്താൻ . ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നതും സമാന രീതിയിലാണ്. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ തീപിടുത്തം ഉണ്ടായ ആക്രി ഗോഡൗണിന് അടുത്ത് മറ്റൊരു ആക്രിക്കടയും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വലിയ ഇരുമ്പ് വീപ്പയിൽ നിറയെ ടാറാണ്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ മതി മുഴുവൻ കത്തിപ്പടരാൻ. ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാർ പറയുന്നു. വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇത്തരം കടകളിൽ ഇല്ല.
റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും. നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ല. ഫയർഫോഴ്സിന്റെ എൻഒസി ആക്രിക്കടകള്‍ക്ക് വേണ്ട. പക്ഷേ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി എടുക്കാം.
തകര ഷീറ്റുകള്‍ വച്ച് ഉണ്ടാക്കുന്ന ഷെഡ്ഡുകള്‍ക്ക് എങ്ങനെ തിരുവനന്തപരം കോര്പ്പറേഷൻ ലൈസൻസ് കൊടുക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം. തീപിടുത്തം ഉണ്ടായപ്പോൾ കടയുടമ ന്യായീകരണവുമായി രംഗത്ത് എത്തിയിരുന്നു.