കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം ഇനി സിസിടിവി നിരീക്ഷണത്തിൽ

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരവും സിസിടിവി നിരീക്ഷണത്തിലാക്കി പൊലീസ്. മെഡിക്കല്‍ കോളേജ് പൊലീസാണ് പ്രദേശത്ത് നൈറ്റ് വിഷന്‍ ക്യാമറകൾ സ്ഥാപിച്ചത്. കൊറോണ കാരണം ഒരു വർഷത്തോളം വൈകിയാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതായി 7 നൈറ്റ് വിഷന്‍ ക്യാമറകളാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പേരുവിവരങ്ങൾ ശേഖരിച്ച് ചില കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും ആശുപത്രി പരിസരം താവളമാക്കുന്നുണ്ട്, ഇത് തടയുന്നതിനും ഗതാഗത കുരുക്ക് രൂക്ഷമായ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനുമാണ് പദ്ധതി.

ആശുപത്രിക്ക് തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍തന്നെ ക്യമാറ പകർത്തുന്ന ദൃശ്യങ്ങൾ 24 മണിക്കൂറും പ്രത്യേക സംഘം പരിശോധിക്കും, നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം പദ്ധതി വ്യാപിപ്പിക്കുമെന്നും കമ്മീഷണർ പറഞ്ഞു.