അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ അമ്മ തിരികെവാങ്ങി

തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ അമ്മ തിരികെവാങ്ങി. ഈ ജനുവരിയിൽ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി തിരികെ നൽകിയത്. ദത്ത് നൽകൽ നടപടികൾ തുടങ്ങിയതായി അറിഞ്ഞതോടെയാണ് അമ്മ കുഞ്ഞിനെ തിരികെ വാങ്ങിയത്.

പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ബഹുമാനാർഥം സുഗത എന്നാണ് അമ്മത്തൊട്ടിലിൽ ലഭിച്ച ഈ കുഞ്ഞിന് പേരിട്ടിരുന്നത്. തുടർന്ന് ഫെബ്രുവരിയിൽ കുഞ്ഞിന്റെ ദത്ത് നടപടികൾ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നൽകി. ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെടാൻ ഇവരോട് നിർദേശിച്ചു. ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദേശത്തായിരുന്ന അമ്മ കമ്മിറ്റിക്ക് ഇ-മെയിൽ അയയ്ക്കുകയും ചെയ്തു.

കുഞ്ഞിന്റെ അച്ഛൻ വിവാഹവാഗ്ദാനത്തിൽനിന്നും പിൻമാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്നാണ് അമ്മ അധികൃതരോടു പറഞ്ഞത്. വിവാഹം നടക്കാതെ വന്നതോടെ സ്ത്രീയുടെ വീട്ടുകാരും കുഞ്ഞിനെ ഒഴിവാക്കാൻ നിർബന്ധിക്കുകയായിരുന്നു. അനധികൃതമായി ദത്തുനൽകാനുള്ള നീക്കങ്ങളും നടന്നു. തുടർന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്.

തുടർന്ന് ജോലിക്കായി അമ്മ വിദേശത്തേക്കു പോവുകയും ചെയ്തു. കുഞ്ഞിന്റെ ചിത്രവും കുഞ്ഞിനെ ഉപേക്ഷിച്ചതിനൊപ്പമുണ്ടായിരുന്ന ആരോഗ്യ കാർഡിന്റെ വിവരങ്ങളും അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയിരുന്നു.

ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ രണ്ടാഴ്ച മുമ്പാണ് ഡി.എൻ.എ. ടെസ്റ്റ് നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് അവകാശമുന്നയിച്ചതെന്നു കണ്ടെത്തിയതോടെ രണ്ടു ദിവസം മുമ്പ് കുഞ്ഞിനെ അമ്മയ്ക്കുതന്നെ തിരികെനൽകുകയും ചെയ്തു.

അനുപമയുടെ കുഞ്ഞിനെ തിരികെനൽകാൻ കോടതി ഇടപെടലുണ്ടായതോടെ പഴയ പരാതിയിലും നടപടിയുണ്ടാവുകയായിരുന്നു. ഏപ്രിലിലാണ് കുഞ്ഞിനെ തിരികെവേണമെന്ന പരാതിയുമായി അനുപമയും പങ്കാളി അജിത്തും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചത്.