വൈദ്യുതി കുടിശിക അടച്ചില്ല; മലങ്കര ഡാമിന്റെയും മൂവാറ്റുപുഴ ഇറിഗേഷൻ പ്രോജക്ട് ഓഫിസിന്റെയും ഫ്യൂസ് ഊരി

തൊടുപുഴ: വൈദ്യുതി കുടിശിക അടയ്ക്കാതിരുന്ന മലങ്കര ഡാമിന്റെയും മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എംവിഐപി) ഓഫിസിന്റെയും ഫ്യൂസ് ഊരി. പിന്നീട് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഡാമിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 27 ലക്ഷം രൂപയാണ് 2012 ഏപ്രിൽ മുതൽ 2021 ഒക്ടോബർ വരെയുള്ള കുടിശിക. പല തവണ ആവശ്യപ്പെട്ടിട്ടും കുടിശിക അടച്ചില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.

അതേസമയം, മിനി ജലവൈദ്യുത നിലയത്തിനു വേണ്ടി സ്ഥലം വിട്ടുകൊടുത്തതിന് എംവിഐപിക്ക് കെഎസ്ഇബി പാട്ടത്തുക നൽകാനുണ്ട്. ഈ തുക വൈദ്യുതി ബിൽ ഇനത്തിൽ വരവുവയ്ക്കാമെന്നു കരാർ ഉണ്ടെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, പാട്ടത്തുക 29,531 രൂപ മാത്രമേ ഉള്ളുവെന്നാണ് കെഎസ്ഇബിയുടെ വാദം.

ഡാമിനു സമീപത്തെ പഴയ കെട്ടിടത്തിലാണ് ഫ്യൂസുകൾ. പൂട്ടിയിട്ട മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് കെഎസ്ഇബി അധികൃതർ അകത്തു കടന്നതെന്നും വാതിൽ പടിയും കട്ടിളയും തകർന്നുവീണതായും എംവിഐപി ഉദ്യോഗസ്ഥർ ആരോപിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെത്തുടർന്ന് കുടിശിക 4 മാസത്തിനുള്ളിൽ അടയ്ക്കാമെന്ന് എംവിഐപി അധികൃതർ കെഎസ്ഇബിക്ക് കത്തു നൽകി.