കൊൽക്കത്ത: രാജ്യത്തുടനീളം ഭാരതീയ ജനതാ പാർട്ടി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ഫൂൽബഗാൻ ഏരിയയിൽ കൊൽക്കത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള തന്റെ ഏക ലക്ഷ്യം വ്യവസായങ്ങൾ കൊണ്ടുവരികയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതും മാത്രമാണെന്നും അവർ പറഞ്ഞു. 2024ലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിഎംസി ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ മമത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേരിട്ടതിന് സമാനമായ പരാജയം ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
”നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് അഴിച്ചുവിട്ട പ്രചാരണം നമ്മൾ കണ്ടതാണ്. എല്ലാവരും അതുകണ്ട് ഭയന്നു. എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ അവരെ പരാജയപ്പെടുത്തി. ബംഗാൾ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ പരാജയപ്പെടുത്തും. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന അതേ ഗതി തന്നെയാകും ഇത്തവണ രാജ്യത്തുടനീളം നേരിടേണ്ടി വരിക,” മമത ബാനർജി പറഞ്ഞു.
2022ന്റെ തുടക്കത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് സൂര്യൻ അസ്തമിച്ചു തുടങ്ങിയെന്നും ഈ പ്രവണത രാജ്യം മുഴുവൻ വ്യാപിക്കുമെന്നും ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.