കെയുആ‍ർടിസി ഡിപ്പോയിലെ ലോഫ്ലോർ ബസുകൾ നശിക്കുന്നു; കോൺ​ഗ്രസ് സമരത്തിന്

കൊച്ചി: തേവര കെയുആര്‍ടിസി ഡിപ്പോയില്‍ നിർത്തിയിട്ടിരിക്കുന്ന ലോ ഫ്ലോര്‍ ബസ്സുകൾ ഉടന്‍ സര്‍വീസ് തുടങ്ങിയില്ലെങ്കില്‍ അനിശ്ചികാലസമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. കോടികള്‍ വിലയുള്ള ബസുകള്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയിട്ടും നടപടിയില്ലാതെ വന്നതോടെയാണിത്. സമരരീതി തീരുമാനിക്കാന്‍ ഉടന്‍ ഡിസിസി പ്രത്യേക യോഗം ചേരും

35 ദീർഘദൂരബസ്സുകൾ ഉൾപ്പടെ 85 ലോ ഫ്ലോർ എസി ബസ്സുകളാണ് തേവര കെയുആർടിസി ഡിപ്പോയില്‍ ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത്. ജൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ കൊച്ചിക്കായി പ്രത്യേകം അനുവദിച്ച ബസ്സുകളാണ് ഇതെല്ലാം. കൊറോണ നിയന്ത്രണങ്ങള്‍ കുറയുന്നതോടെ അറ്റകുറ്റപണി പൂർത്തിയാക്കി സര്‍വീസ് തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡിപ്പോയിലെത്തി പരിശോധന നടത്തിയത്.

അടുത്ത ദിവസങ്ങളില്‍ എറണാകുളം ഡിസിസി യോഗം ചേര്‍ന്ന് സമരരീതി തീരുമാനിക്കും. സര്‍വീസ് തുടങ്ങണമെന്ന ആവശ്യവുമായി വിവിധ തൊഴിലാളി സംഘടനകളും രംഗത്തുണ്ട്. അതേസമയം ഒരു വർഷത്തിലധികം നിർത്തിയിട്ടതിനാല്‍ മിക്ക ബസുകള്‍ക്കും കാര്യമായ അറ്റകുറ്റ പണിയുണ്ടെന്നാണ് കെയുആര്‍ടിസിയുടെ വിശദീകരണം. കേടുപാടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ തന്നെ സമയമെടുക്കുമെന്നും ഇവര്‍ കൂട്ടിചേര്‍ക്കുന്നു.