എറണാകുളത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു; കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും

കൊച്ചി: ഞാറയ്ക്കലില്‍ പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു. വൈപ്പിന്‍ ഞാറയ്ക്കല്‍ സ്വദേശി സിന്ധുവിന്റെ മകൻ അതുൽ (18) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും.

ഇന്നലെ രാവിലെയാണ് യുവതിയെയും മകന്‍ അതുലിനെയും (18) പൊള്ളലേറ്റ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്ത്. ആശുപത്രിയിലേക്ക് പോകുംവഴിയാണ് സിന്ധു ബന്ധുക്കളോട് യുവാവിന്റെ പേര് പറഞ്ഞത്. വീട്ടമ്മ മരിക്കുംമുമ്പ് യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖ പൊലീസിന് കൈമാറി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി.

സ്ഥിരമായി തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് യുവതി ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ സഹോദരനും യുവാവും തമ്മില്‍ അടിപിടി നടന്നിരുന്നു. രണ്ടു ദിവസം മുന്‍പ് പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. അതിനാല്‍ സിന്ധുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സിന്ധുവിന്റെ മരണമൊഴിയും അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതായും ബന്ധുക്കള്‍ പറയുന്നു.

വീടിനു സമീപത്ത് പണിയുന്ന കാര്‍ ഷെഡിന്റെ ജോലികള്‍ക്കായി എത്താന്‍ ജോലിക്കാരോട് സിന്ധു പറഞ്ഞിരുന്നു. ജോലിക്കാര്‍ക്ക് ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയൊരാള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.