നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യൻ പൗരന് കൊറോണ ; സാംപിള്‍ ജനിതക പരിശോധനയ്ക്കയച്ചു

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ ജാഗ്രത കർശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യൻ പൗരന് കൊറോണ സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റിൽ കൊറോണ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട രാജ്യമാണ് റഷ്യ.

രാവിലെ 5.25-നുള്ള വിമാനത്താവളത്തിലാണ് ഇയാളെത്തിയത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏത് ജനിതക വകഭേദമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി ഇയാളുടെ സാംപിൾ തിരുവനന്തപുരത്തേക്ക് അയക്കും.

ഒമിക്രോൺ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രികർക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയാലും ഏഴ് ദിവത്തെ ക്വാറന്റീൻ നിർബന്ധമായും പാലിക്കണം. ക്വാറന്റീന് ശേഷം ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആവേണ്ടതുണ്ട്.

രാജ്യത്ത് ശനിയാഴ്ച വരെ നാല് പേരിലാണ് കൊറോണയുടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.