പാലായിൽ വനിതാ ഗുമസ്തയെ കൈയേറ്റം ചെയ്ത സംഭവം ; യുവതിയെ ആക്രമിച്ച പ്രതികൾ പിടിയിൽ

കോട്ടയം: പാലായിൽ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത പ്രതികൾ പിടിയിൽ. ജെയിംസ് , നിഹാൽ എന്നിവരാണ് പിടിയിലായത്. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തത്. പെൺകുട്ടിയുടെ പിതാവും സഹോദരനുമാണ് പാല കുടുംബ കോടതി ഗുമസ്ത റിൻസിയെ ആക്രമിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പാല കുടുംബ കോടതിയിൽ പൂഞ്ഞാർ സ്വദേശിനിയും തലയോലപ്പറമ്പ് സ്വദേശിയുമായുള്ള ഒരു വിവാഹ മോചനക്കേസ് നടക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം പെൺകുട്ടിയുടെ വീട്ടിൽ നൽകാൻ എത്തിയപ്പോഴായിരുന്നു കയ്യേറ്റം. കല്ലുകൊണ്ടുൾപ്പെടെ അടിക്കാൻ ശ്രമിച്ച ഇവർ ജീവനക്കാരിയെ തള്ളുകയും ചെയ്തു. ആക്രമണത്തിൽ ജീവനക്കാരിക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് മുൻപ് തലതവണ പെൺകുട്ടിയുടെ വീട്ടുകാരെ വിളിപ്പിച്ചെങ്കിലും അവർ എത്താൻ തയ്യാറായിരുന്നില്ല. കോടതി നടപടികളുമായി അവർ സഹകരിച്ചതുമില്ല. ഇതോടെയാണ് ജീവനക്കാരി നേരിട്ട് നിർദ്ദേശം കൈമാറാൻ എത്തിയത്. പരാതിക്കാരനായ തലയോലപ്പറമ്പ് സ്വദേശിയും ജീവനക്കാരിക്കൊപ്പമുണ്ടായിരുന്നു.

ദമ്പതികളുടെ കുട്ടിയെ കേരളത്തിന് വെളിയില്‍ കൊണ്ടു പോകരുതെന്ന് ഇന്‍ ജക്ഷന്‍ കൈമാറാന്‍ എത്തിയതായിരുന്നു ഇവര്‍. നഴ്‌സായ കുട്ടിയുടെ അമ്മ ജര്‍മ്മിനിയിലേയ്ക്ക് പോയിരുന്നു. അച്ഛന്‍ കൊടുത്ത പരാതിയിലാണ് കോടതി നിര്‍ദ്ദേശം. ആഴ്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ അച്ഛനെ കാണിക്കണം എന്ന ഉത്തരവ് നേരിട്ട് കൈമാറാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഗുമസ്തയുടെ ഒപ്പമുണ്ടായിരുന്ന ആള്‍ അക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഗുമസ്ത പൊലീസില്‍ പരാതി നല്‍കി.