കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിനു പോളിൻ, അനു പപ്പടവട, ജെകെ എന്ന വിളിപ്പേരുകാരൻ, നസ്ലിൻ, സലാഹുദീൻ തുടങ്ങിയവരെ ചോദ്യം ചെയ്യുമെന്നു പൊലീസ്.
സൈജു മോഡലുകളെ പിന്തുടരുന്നതിന് ഉപയോഗിച്ച ആഡംബരക്കാർ ഉടമ ഫെബി ജോണിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്യും. ഫെബിയുടെ സുഹൃത്തുക്കൾക്കായി സൈജു പാർട്ടികൾ ഒരുക്കിയിരുന്നെന്നു മൊഴി ലഭിച്ച സാഹചര്യത്തിലാണ് ഇത്.
സൈജുവിന്റെ ഫോണിലെ രഹസ്യഫോൾഡറിൽനിന്നു ലഭിച്ച വിഡിയോകൾ ഇയാൾ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ വ്യക്തമായ തെളിവുകളാണ്. രാസലഹരി ഉപയോഗ വിവരങ്ങളും പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ വിഡിയോകളുമുണ്ട്. ഷൂട്ടു ചെയ്ത രണ്ടു നീലച്ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള യുവതികളുടെ മൊഴി രേഖപ്പെടുത്തി ഇയാൾക്കെതിരെ പരാതി ഉന്നയിക്കുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം സൈജുവിൻ്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സൈജുവിനെ കോടതിയിൽ ഹാജരാക്കിയത്. ഇതോടൊപ്പം ജാമ്യാപേക്ഷയും കോടതി പരിഗണിക്കുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.