കൊച്ചിയിലെ മോഡലുകളുടെ മരണം; സൈജുവിന്റെ സുഹൃത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഫെബി ജോണിന്റെ സുഹൃത്തുകൾക്ക് വേണ്ടിയാണ് സൈജു പാർട്ടി ഒരുക്കിയത്. ഒപ്പം സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കുറ്റകൃത്യങ്ങളുടെ വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്.

ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും.

തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.

അതേസമയം രാസലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളുടെ ചിത്രങ്ങൾ പകർത്താൻ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളുകളിൽ പ്രത്യേക കോണുകളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നതായി അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊഴി. ഇതിലൂടെ പകർത്തിയ ചിത്രങ്ങൾ വെച്ചാണ് യുവതികളെ കെണിയിലാക്കി ബ്ലാക്മെയിൽ ചെയ്യുന്നത്.

ഇത്തരത്തിൽ പല തരത്തിലുള്ള ചിത്രങഅങളും ഫോട്ടോകളും സൈജുവി​ന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്പർ 18 ഹോട്ടൽ ഉടമ റോയിയും സൈജുവും ചേർന്നു സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത പെൺകുട്ടിയുടെ ദൃശ്യമാണിതെന്നും അധികൃതർ കണ്ടെത്തി. വീട്ടുകാർ അറിയാതെ നിശാപാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.കാക്കനാട് സൈജു താമസിക്കുന്ന വാടക ഫ്ലാറ്റിലും ഇത്തരത്തിലുള്ള ലഹരി പാർട്ടികൾ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ വേണ്ടിയാണു വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ സൈജു നിർബന്ധിച്ചത്.

മിസ് കേരള മത്സര ജേതാക്കളായ മോഡലുകളും അവരുടെ 2 സുഹൃത്തുക്കളും സൈജുവിന്റെ ക്ഷണം നിരസിച്ചതാണു കാറിൽ അവരെ പിന്തുടർന്ന് അപകടമുണ്ടാക്കാൻ വഴിയൊരുക്കിയത്.ഹോട്ടലുടമ റോയിയുടെ സഹായത്തോടെ നമ്പർ 18 ഹോട്ടലിനുള്ളിൽ തന്നെ മോഡലുകൾക്കു വേണ്ടി ലഹരിപാർട്ടി നടത്താൻ സൈജു പദ്ധതിയിട്ടിരുന്നു. അതിനു മുന്നോടിയായി മോഡലുകൾക്കൊപ്പമെത്തിയ അബ്ദുൽ റഹ്മാൻ, മുഹമ്മദ് ആഷിഖ് എന്നിവർക്കു സൈജുവും റോയിയും ചേർന്നു ലഹരി കലർത്തിയ മദ്യം അമിതമായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

മോഡലുകളായ അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ സൈജുവിന്റെ താൽപര്യങ്ങൾക്കു വഴങ്ങാതായതോടെ ഇവർ മടങ്ങുമ്പോൾ പിന്തുടർന്നു കൂട്ടിക്കൊണ്ടുപോകാൻ സൈജു തയാറെടുപ്പു നടത്തിയിരുന്നു. ഇതിനായി ഇവരുടെ കാർ പുറത്തേക്കു വരുന്നതു നേരിട്ടു കാണാൻ പാകത്തിൽ സമീപത്തെ ജ്യൂസ് കടയ്ക്കു മുന്നിൽ സൈജു കാത്തുനിന്നു.

ഇതിനിടെ ഹോട്ടലുടമ റോയിയുമായി സൈജു ഫോണിൽ സംസാരിച്ചിട്ടുമുണ്ട്.മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ ലഹരി ഇടപാടുകാരൻ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണച്ച ഒരു യുവതി ഇവർ നടത്തിയ ലഹരി പാർട്ടികളിലെ സ്ഥിരം പങ്കാളിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. സൈജുവിന്റെ ഫോണിൽ ഇവർ പങ്കെടുത്ത ലഹരി പാർട്ടികളുടെ രംഗങ്ങൾ കണ്ടെത്തിയെന്നും യുവതിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.