തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. ആദ്യ സർവീസ് പാലക്കാട് ഡിപ്പോയിൽ നിന്നാണ് ആരംഭിക്കുന്നത്.

കൊറോണ വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവെച്ച ശേഷം, കർണ്ണാടകയിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസിയ്‌ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് അനുമതി നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ബസ് സർവീസ് പുനരരംഭിക്കുന്നത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ ആറിന് തമിഴ്‌നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നൽകിയത്. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചും, സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടത്.

കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് ബസ് സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി തമിഴ്‌നാട്ടിലേക്ക് സർവീസുകൾ ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ തമിഴ്നാട്ടിലേക്ക് കൂടുതൽ ബസ് സർവ്വീസുകൾ ആരംഭിക്കും.