ടിവിക്ക് ഓഫർ; ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടമായത് 77,000 രൂപ!

ആലുവ: ടി.വി.ക്ക് ഓഫർ ഉണ്ടോ എന്നറിയാൻ ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 77,000 രൂപ. പണം തിരിച്ചെടുത്തു നൽകി റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ്. ദീപാവലിക്ക് സ്മാർട്ട് ടിവി.ക്ക് ഓഫർ ഉണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്ളിപ്പ്കാർട്ടിന്റെ കസ്റ്റമർ കെയർ നമ്പർ തേടിയത്. കിട്ടിയത് വ്യാജ നമ്പറും. കിട്ടിയ നമ്പറിൽ വീട്ടമ്മ വിളിച്ചു.

ഓഫർ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കിൽ ഉള്ള ഫോറം പൂരിപ്പിച്ചു നൽകാനും തട്ടിപ്പ് സംഘം പറഞ്ഞു. ഒറിജിനൽ ഫ്ളിപ്പ് കാർട്ടിന്റേതാണെന്നു തോന്നിക്കുന്ന ലിങ്കും ഒപ്പം ഒരു ഫോമും അയച്ചു. അതിൽ പേരും അക്കൗണ്ട് നമ്പറും ബാങ്ക് യു.പി.ഐ. ഐ.ഡി.യും ആവശ്യപ്പെട്ടിരുന്നു. വീട്ടമ്മ വിവരങ്ങളെല്ലാം അയച്ചുകൊടുത്തു. ഉടനെ ഒരു എസ്.എം.എസ്. വന്നു. ആ സന്ദേശം സംഘം നിർദേശിച്ച മൊബൈൽ നമ്പറിലേക്ക് അയച്ചു.

ഇതോടെ വീട്ടമ്മയുടെ നെറ്റ് ബാങ്കിങ്ങിന്റെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈകളിലായി. സംഘം മൂന്നു തവണയായി 25,000 രൂപ വീതം 75,000 രൂപ പിൻവലിച്ചു. രണ്ടായിരം രൂപ അക്കൗണ്ട് ട്രാൻസ്ഫറും നടത്തി.

വീട്ടമ്മ റൂറൽ എസ്.പി. കെ. കാർത്തിക്കിന് പരാതി നൽകി. തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഓൺലൈൻ വ്യാപാര സൈറ്റുകളിൽനിന്ന് 50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ വാങ്ങിയെന്നും 25,000 രൂപയുടെ പർച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

പോലീസ് ഇടപെട്ട് സംഘം നടത്തിയ ബാങ്ക് ഇടപാട് മരവിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടിൽ പണം തിരികെയെത്തിക്കുകയും ചെയ്തു.സംഭവത്തിനു പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമാണെന്നു കണ്ടെത്തിയിട്ടുണ്ട്.