സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡെൽഹി: സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. മറ്റുളളവരുമായി സംഘം ചേർന്ന് കള്ളക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ സാധ്യതയുള്ളതിനാലാണ് സ്വപ്നയെ കരുതൽ തടങ്കലിലാക്കിയതെന്നാണ് ഹർജിയിൽ കേന്ദ്ര സർക്കാർ ആരോപിക്കുന്നത്.

സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്പെഷ്യൽ സെക്രട്ടറി, കോഫെപോസ ജോയിന്റ് സെക്രട്ടറി, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യുറോ ഡയറക്ടർ ജനറൽ, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഹർജി ഫയൽ ചെയ്തത്.

സാങ്കേതിക കാരണങ്ങളാലാണ് സ്വപ്നയുടെ കരുതൽ തടങ്കൽ കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽവെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയത്.

അതേസമയം, ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതൽ തടങ്കലിൽ ഇടപെടാൻ കോടതികൾ വിസമ്മതിച്ചിരുന്നു. കെ.ടി. റമീസിന്റെ കരുതൽ തടങ്കലിന് എതിരേ സഹോദരൻ കെ.ടി. റൈഷാദ് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. മറ്റ് പ്രതികൾക്കെതിരെയും സമാനമായ രേഖകളും തെളിവുകളുമാണ് ഉണ്ടായിരുന്നതെന്നും കേന്ദ്രത്തിന്റെ ഹർജിയിൽ പറയുന്നു.

തടങ്കൽ കാലാവധി കഴിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഹൈക്കോടതി സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയത്. വിവിധ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടി ജാമ്യം ലഭിച്ചതോടെ സ്വപ്ന ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു.