കൊച്ചി: കുർബാനക്രമ ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാൻ ഇളവ് നൽകിയതായി മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ. ജനാഭിമുഖ കുർബാന ഈ മാസം 28ന് ശേഷവും തുടരാമെന്ന് മെത്രാപ്പോലീത്തൻ മാർ കരിയിൽ വൈദീകർക്ക് നിർദ്ദേശം നൽകി. മാർപ്പാപ്പയുടെ അനുമതിയോടെയാണ് ഇളവ് അനുവദിച്ചതെന്ന് മാർ ആൻറണി കരിയിൽ അറിയിപ്പിൽ പറയുന്നു.
സിറോ മലബാർ സഭയിൽ കുർബ്ബാന ഏകീകരണം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ, മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയെന്നും പത്രക്കുറിപ്പിലുണ്ട്. സീറോ മലബാർ സഭയിൽ ആരാധനക്രമ ഏകീകരണം നടപ്പാക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേയാണ് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
കുർബാന ഏകീകരണം സംബന്ധിച്ച സഭയിലെ തർക്കവും അതിരൂപതയുടെ നിലപാടും മാർ കരിയിൽ, മാർപ്പാപ്പയെ ധരിപ്പിച്ചതായാണ് സൂചന. തൃക്കാക്കര മൈനർ സെമിനാരി റെക്ടർ മോൺ.ആന്റണി നരികുളവും മാർ കരിയിലിനൊപ്പം ഉണ്ടായിരുന്നു. അരമണിക്കൂറിലധികം മാർപ്പാപ്പയുമായി സംസാരിച്ച ബിഷപ്പ്, അതിരൂപതയുടെ ആവശ്യം നിവേദനമായി കൈമാറിയിരുന്നു.
എല്ലാ രൂപതകളിലും ഈ ഞായറാഴ്ച മുതൽ ഏകീകൃത കുർബാനക്രമം നടപ്പാക്കേണ്ടതുണ്ട്. അതിനിടെയാണ് വത്തിക്കാനിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് അനുവദിച്ചതായുള്ള മാർ കരിയിലിൻ്റെ അറിയിപ്പ്.