ലക്നോ: വാഹനാപകടത്തിൽ മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ യുവാവിനെ ഒരു ദിവസം മോർച്ചറിയിൽ സൂക്ഷിച്ചശേഷം പോസ്റ്റുമോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോൾ ജീവന്റെ തുടിപ്പ്.. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ശ്രീകേഷ് കുമാർ എന്ന യുവാവിനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ഡോക്ടർ പരിശോധിച്ചശേഷം ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തും മുൻപാണ് മരണം സംഭവിച്ചതെന്നും ഡോക്ടർ പറഞ്ഞു.
ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ശേഷം കുടുംബം എത്തുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. പോസ്റ്റ്മോർട്ടത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാൻ പോലീസും കുടുംബവും എത്തിയതോടെ മൃതദേഹം പുറത്തെടുത്തു. ഈ സമയം ശ്രീകേഷ് ശ്വസിക്കുന്നത് ബന്ധുക്കൾ ശ്രദ്ധിച്ചു. ജീവൻ തിരിച്ചുകിട്ടിയ യുവാവ് ഇപ്പോൾ കോമയിലാണ്. ശ്രീകേഷ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് ബന്ധുക്കളുടെ പ്രതീക്ഷ.