കോഴിക്കോട്: കാട്ടുപന്നി ശല്യത്താൽ ജനങ്ങൾ പൊറുതി മുട്ടിയതോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി തേടി വനംമന്ത്രി എ.കെ.ശശീന്ദ്രന് ഡെല്‍ഹിയിലേക്ക്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി കൂടിക്കാഴ്ച നടത്താനാണ് മന്ത്രിയും സംഘവും ഡെല്‍ഹിയിലേക്കു പുറപ്പെടുന്നത്.
നാളെ വൈകിട്ടു ഡെല്‍ഹിയിലേക്കു പുറപ്പെടുന്ന മന്ത്രിക്കൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും വനംവകുപ്പ് മേധാവി പി.കെ.കേശവനും ഉണ്ടാകും. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിത്യസംഭവമായി മാറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഡെല്‍ഹി സന്ദര്‍ശനം.
കാട്ടുപന്നി വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് കത്തിലൂടെയായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്. നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഈ യാത്രയുടെ ഉദ്യേശമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് ദീപികഡോട്ട്കോമിനോടു പറഞ്ഞു. കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു വെടിവച്ചു കൊല്ലാനുള്ള അനുമതിയാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രം മൂന്നുമാസം മുമ്പ് കേരളത്തോടു വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ജില്ലാ തലത്തില്‍ കളക്ടര്‍മാരും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും ചെയര്‍മാനായുള്ള സമിതി രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഈ നടപടി പൂര്‍ത്തിയായി വരുന്നുണ്ടെന്നും കേരളത്തില്‍നിന്നുള്ള സംഘം കേന്ദ്രത്തെ അറിയിക്കും. ഇതിനു പുറമേ കേരളത്തില്‍ ദേശീയ നിലവാരത്തിലുള്ള വനംപരിശീലന കേന്ദ്രം അനുവദിക്കുന്നത് സംബന്ധിച്ചും ആവശ്യപ്പെടുമെന്നാണ് വിവരം.
കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ വര്‍ഷം സംസ്ഥാന വനംവകുപ്പ് കേന്ദ്രത്തിനു ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രംഅംഗീകരിച്ചിരുന്നില്ല. ഈ വര്‍ഷം ജൂണില്‍ വീണ്ടും ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.