കൊച്ചി: മുൻ മിസ് കേരള ആൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ നിർണ്ണായക ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്.
അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്.
ഹോട്ടലിൽ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം നടക്കണമെന്നും മോഡലുകളുടെ ബന്ധുക്കൾ പറഞ്ഞു. അൻസിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു
അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്തതിരുന്നു. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവിആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. യഥാർത്ഥ ഡിവിആർ നൽകിയില്ലെങ്കിൽ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുൽ റഹ്‌മാൻ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്‌മാനായിരുന്നു.
നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട മരണപ്പെട്ടു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണ് പറ്റിയത്.
2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ, ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ, കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അൻസി കബീറും, അഞ്ജന ഷാജനും.