മുന്‍ മിസ് കേരളയുടെ അപകട മരണം; കൂടുതല്‍ തെളിവുകള്‍ പൊലീസിന്; ഹോട്ടല്‍ ഉടമയുടെ മൊഴി ഇന്നെടുക്കും

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി മൊഴി നല്‍കുന്നതിനായി ഇന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകും. രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഹോട്ടലുടമ റോയിക്ക് നിയമപരമായി നോട്ടീസ് നല്‍കിയത് ഡി ജി പി യുടെ താക്കീതിനെ തുടര്‍ന്നാണ്. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഡിജിപിയുടെ ഇടപെടല്‍.ഹോട്ടലിലെ ഡി വി ആര്‍ മാറ്റിയത് റോയ് ടെകനീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്.

ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളില്‍ ആണെന്നും കണ്ടെത്തി. അതേസ‌മയം ദൃശ്യങ്ങള്‍ മാറ്റിയെങ്കിലും എന്‍ വി ആറിൻ്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എന്‍വിആറിലെ ദ്യശ്യങ്ങള്‍ മാത്രമാണ്. യുവതികളുമായി തര്‍ക്കമുണ്ടായ ദുശ്യങ്ങളാണ് ഡി വി ആറിലുള്ളത്.

തര്‍ക്കം നടക്കുമ്പോള്‍ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പൊലീസിന് ലഭിച്ചു.കുണ്ടന്നൂരില്‍ വെച്ച്‌ ഷൈജുവാമായുള്ള തര്‍ക്കത്തിന് ശേഷമാണ് ഓവര്‍ സ്പീഡില്‍ ചേസിംഗ് നടക്കുന്നതെന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതിനിടെ കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുള്‍ റഹ്മാന് കോടതി ഇന്നലെ ജാമ്യം നല്‍കിയിരുന്നു. വൈകിട്ട് ജുഡീഷ്യല്‍’ കസ്റ്റഡിയില്‍ കാക്കനാട്ടെ ബോഴ്സ്റ്റല്‍ ജയിലേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്.

സമയം വൈകിയതിനാല്‍ ഇന്നലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല.രാവിലെ ജാമ്യ ഉത്തരവ് ഹാജരാക്കിയ ശേഷം അബ്ദുള്‍ റഹ്മാന് പുറത്തിറങ്ങാനാവും. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ഇതേ കാരണം മൂലം ഇന്നലെ മൂന്ന് മണിക്കൂര്‍ മാത്രമാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്.