തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ പിടിയിലായി. ബാങ്കിലെ കമ്മീഷൻ ഏജന്റായിരുന്ന കിരൺ കേസിനെത്തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. പാലക്കാട് കൊലങ്കോടു നിന്നാണ് ഇയാൾ പിടിയിലായത്. മാപ്രാണം സ്വദേശിയായ കിരൺ ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയായിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ ആറ് പ്രധാന പ്രതികളാണുള്ളത്. ഇതിൽ അഞ്ചുപേരും നേരത്തെ പിടിയിലായിരുന്നു.
ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്ന വാദം ഉന്നയിച്ച് കിരൺ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. കമ്മീഷൻ ഏജൻ്റായ കിരണിൻ്റ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തൽ. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്. ഈ ഭരണസമിതിയെ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് പിരിച്ചു വിട്ടിരുന്നു. പല രീതിയിലാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
100ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവരിലൊരാളുടെ മകളുടെ വിവാഹച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. കേസിലെ പ്രതി അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.
അതേസമയം, കോടികൾ വായ്പ്പയെടുത്ത് മുങ്ങിയവർക്കെതിരെ ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാതെ, ബാങ്ക് സാധാരണക്കാർക്ക് മാത്രം ജപ്തി നോട്ടീസ് അടക്കമുള്ള നടപടിയെടുക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.