കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ മരിച്ച കാർ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ഡിനിൽ ഡേവിസ്. കാർ എത്തിയത് വളരെ വേഗത്തിലായിരുന്നുവെന്നും തന്റെ വാഹനത്തെ ഇടിച്ച് 20 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് കാറ് മരത്തിലിടിച്ചതെന്നും പിന്നാലെയുണ്ടായിരുന്ന ഓഡി കാറ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഡിനിൽ പറഞ്ഞു.
” ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. പിന്നിൽ നിന്ന് കാർ വന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. റിയർവ്യൂ മിററിലും കാറ് കണ്ടിരുന്നില്ല. കാർ വന്നത് വളരെ വേഗത്തിലായിരുന്നുവെന്നതിനാലാണ് ശ്രദ്ധയിൽപ്പെടാതിരുന്നത്. ബൈക്കിന് പിറകിലാണ് കാറ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഞാൻ റോഡിന്റെ ഇടത് വശത്തേക്ക് വീണു.
തന്റെ ബൈക്കിന്റെ പിന്നിലിടിച്ച ശേഷം കാർ 20 മീറ്റർ മാറി മരത്തിലിടിച്ചാണ് വലിയ അപകടമുണ്ടായത്. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു വാഹനത്തിൽ രണ്ട് പൊലീസുകാരെത്തി. അത് വരെ മറ്റ് വാഹനങ്ങളൊന്നും വന്നിരുന്നില്ല. പൊലീസുകാരാണ് തന്നെ എഴുന്നേൽപ്പിച്ചതും ആശുപത്രിയിൽ എത്തിച്ചതും. കാറ് അപകടത്തിൽപ്പെട്ടത് ആ സമയത്ത് അറിഞ്ഞിരുന്നില്ല. പൊലീസ് എത്തിയത് ആരെങ്കിലും അറിയിച്ചിട്ടാണോ എന്നതിനെ കുറിച്ച് തനിക്ക് അറിവില്ല.
ആശുപത്രിയിൽ വെച്ചാണ് കാറിലുള്ളവർ മരിച്ച വിവരം അറിഞ്ഞത്. തന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അവിടേക്ക് ആംബുലൻസ് എത്തിയിരുന്നു. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡിക്കാർ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കാരണം എന്റെ വാഹനമായിരുന്നു മുന്നിലുണ്ടായിരുന്നത്. എനിക്ക് പിറകിലാണ് ഈ വാഹനം വന്നത്. എന്നാൽ അപകടത്തിൽപ്പെട്ടവരെ അന്വേഷിച്ച് ഒരു ഓഡിക്കാർ ആശുപത്രിയിൽ വന്നതായി പിന്നീടറിയുകയായിരുന്നുവെന്നും ഡിനിൽ പറഞ്ഞു.
നവംബര്‍ ഒന്നിന് അര്‍ധരാത്രി വൈറ്റില ദേശീയപാതയില്‍ നടന്ന അപകടത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളായിരുന്നു. ദാരുണമായി ഈ അപകടം വരുത്തിവെച്ചത് മദ്യലഹരിയില്‍ സുഹൃത്തുക്കല്‍ നടത്തിയ മത്സരയോട്ടമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഒരു ഒഡി കാര്‍ തങ്ങളെ ചേസ് ചെയ്തെന്നും ഇതിന്റെ മാനസിക സമ്മര്‍ദ്ദത്തിലാണ് അപകടം ഉണ്ടായതെന്നും അപകടത്തിനിയാക്കിയ കാറിൻ്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന് പൊലീസിന് മൊഴി നല്‍കിയിരുന്നു.
സിസിടിവി പരിശോധനയില്‍ അബ്ദുള്‍ റഹ്മാന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ഓഡി കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കാർ ഡ്രൈവർ ഷൈജുവിനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിൽ തമാശക്ക് മത്സരയോട്ടം നടത്തിയെന്ന് ഷൈജു സമ്മതിച്ചിട്ടുണ്ട്. പന്ത്രണ്ടരക്ക് ശേഷം ഹോട്ടലില്‍ നിന്ന് മടങ്ങിയപ്പോള്‍ മുതല്‍ മല്‍സരയോട്ടം തുടങ്ങി. രണ്ട് തവണ അബ്ദുൾ റഹ്മാൻ ഓവർ ടേക്ക് ചെയ്തു. ഒരു തവണ താനും ഓവർ ടേക്ക് ചെയ്തു. ഇടപ്പള്ളി എത്തിയപ്പോൾ റഹ്മാൻ ഓടിച്ച കാർ കണ്ടില്ല. തുടര്‍ന്ന് യുടേണ്‍ എടുത്ത് തിരികെ വന്നപ്പോഴാണ് കാർ അപകടത്തിൽ പെട്ടത് കണ്ടത്. ഉടൻ പൊലീസ് കൺട്രോൾ റൂം നമ്പറായ 100 ൽ വിളിച്ചെന്നും ഷൈജു മൊഴി നൽകിയിട്ടുണ്ട്.