തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ കിഴക്കൻ-തെക്ക് കിഴക്കൻ അറബികടലിൽ നിന്ന് വടക്കൻ കേരളത്തിൽ കൂടി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുകയാണ്. ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.
അതേസമയം വടക്കു ആൻഡമാൻ കടലിൽ ഉള്ള ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദ്ദം (well marked low pressure) ആകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ് നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തെക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും കർണാടക – തമിഴ്നാടിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴിയും ഒരുമിച്ച് ചേർന്നു വടക്കൻ കേരളത്തിനും കർണാടകക്കും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴിയായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറുനുള്ളിൽ ഇത് ഗോവ – മഹാരാഷ്ട്ര തീരത്ത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത.