തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. അച്ചന് കോവിലാര്‍ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്.
പത്തനംതിട്ടയില്‍ ഇടവിട്ട് മഴ തുടരുന്നുണ്ട്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പന്തളം-പത്തനംതിട്ട മാവേലിക്കര പാതയില്‍ പലയിടത്തും റോഡില്‍ വെള്ളം കയറി. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാനപാതകളിലൊന്നാണ് ഇത്. പന്തളം പത്തനംതിട്ട റോഡില്‍ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
പമ്പ ത്രിവേണിയില്‍ കരകവിഞ്ഞു. കോന്നി ഐരവണ്‍ പ്രമാടം ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. എരാണിമുട്ടം, മുടിയൂര്‍ക്കോണം ഭാഗത്തും റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അടൂരില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്നു സംഭരണ കേന്ദ്രത്തില്‍ വെള്ളംകയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് ഉപയോഗശൂന്യമായി.
അച്ചന്‍കോവിലാറിന്റെ തീരദേശ ഗ്രാമങ്ങളായ ഐരമണ്‍, പ്രമാടം, തുമ്പമണ്‍, മുട്ടം, കുടശ്ശനാട് എന്നിവിടങ്ങളിലെയും നിരവധി ഗ്രാമങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ചെറു റോഡുകളില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സാധ്യതയും മരം കടപുഴകി വീഴാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി.
കൊല്ലത്തെ മലയോരമേഖലകളിലും മഴ തുടരുന്നുണ്ട്. കൊല്ലം മണ്‍റോതുരുത്തിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. എടത്വയിലും തലവടിയിലും ചക്കുളത്തു കാവിലും വെള്ളക്കെട്ട് രൂക്ഷമായി.
കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. കുട്ടനാട്ടില്‍ വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലാണ്. എസി റോഡില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. ഇടത്തോടുകള്‍ ഉള്‍പ്പെടെയുള്ളവ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്നു.