തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കിന് യൂണിയനുകൾ ഒരുങ്ങിയിരിക്കെ ശമ്പള വിതരണത്തിന് പരിഹാരമാകുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാനായി സർക്കാർ 60 കോടി രൂപ അനുവദിച്ചു. ശമ്പളപരിഷ്കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാനിരിക്കെയാണ് സർക്കാർ നടപടി.
ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 80 കോടി രൂപയിൽ നിന്നും 60 കോടി കെഎസ്ആർടിസിക്ക് നൽകിയത്. ബാക്കി 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
കൊറോണ കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. ഇതോടെ ഈ മാസം കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടിയാണ് ചിലവഴിച്ചത്.
പ്രതിമാസം 80 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ഒക്ടോബര്‍ മാസത്തില്‍ ആകെ 113 കോടിയായാരുന്നു വരുമാനം. ഇതില്‍ 60 കോടിയോളം ഇന്ധനച്ചെലവിനും സ്പെയർ പാർട്സിനുമായി വിനിയോഗിച്ചു. കണ്‍സോര്‍ഷ്യം വായ്പക്കുള്ള തിരിച്ചടവ് കൂടി കഴിഞ്ഞപ്പോള്‍ ഇതില്‍ കാര്യമായ നീക്കിയിരുപ്പില്ല. നിലവില്‍ പെന്‍ഷനു പുറമേ ശമ്പളത്തിനും സര്‍ക്കാരില്‍ നിന്നുള്ള സഹായം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണ്.
സര്‍ക്കാര്‍ സഹായം സംബന്ധിച്ച ഫയലില്‍ ധനവകുപ്പിന്റെ തീരുമാനം നീളുന്നതായിരുന്നു ഈ മാസത്തെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണം വൈകുന്നത്തിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ ദ്വിദിന പണിമുടക്കില്‍ ടിഡിഎഫും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.
രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 9.4കോടി രൂപയാണ് നഷ്ടമുണ്ടായത്. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്കരണ ചര്‍ച്ച തുടരുമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഡയസ്നോണിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചിരുന്നു. ആദ്യ ദിവസം മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയാണ്. 4,42,63,043 രൂപയാണ് ഈ മാസം നാലാം തീയതിയിലെ വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് ഈ ദിവസം ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. അതേസമയം ഒരു ദിവസത്തെ ശമ്പളം നല്കാന് കെഎസ്ആര്‍ടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.