തിരുവനന്തപുരം: ഓൺലൈൻ ക്ലാസിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കടകമ്പള്ളി ലക്ഷം വീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ വീട്ടിൽ സുജിത്ത് (29) എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ വാട്ടസ്ആപ്, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ പെൺകുട്ടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ അമ്മ പേട്ട പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്എച്ച്ഒ റിയാസ് രാജ, എസ്ഐമാരായ രതീഷ്, സുനിൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.