സംസ്‌ഥാനത്ത്‌ 12 വരെ ശക്‌തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 12 വരെ ശക്‌തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി നാളെയും മറ്റന്നാളും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി.
ഉച്ചക്ക്‌ രണ്ടുമുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ്‌ ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത്‌ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇന്നു 10 ജില്ലകളില്‍ യെലോ അലര്‍ട്ട്‌.
മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം 12 മണിക്കൂര്‍ കൂടി പടിഞ്ഞാറ്‌, വടക്കുപടിഞ്ഞാറ്‌ ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യൂനമര്‍ദമായി നിലനില്‍ക്കും. തുടര്‍ന്നു ശക്‌തി കുറഞ്ഞ്‌ ഇന്ത്യന്‍ തീരത്തുനിന്ന്‌ അകന്നുപോകും. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നു തെക്ക്‌ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്‌.

അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്‌തിപ്രാപിച്ച്‌ വ്യാഴാഴ്‌ചയോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തു കരയില്‍ പ്രവേശിക്കാനാണ്‌ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും ഇന്നു രാവിലെ വരെ മത്സ്യബന്ധനത്തിനു പോകരുത്‌. ഇന്നും നാളെയും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നാളെയും മറ്റന്നാളും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട്‌, ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന്‌ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.