എൻഐഎ കസ്റ്റഡിയിലെടുത്ത സബ് എഡിറ്ററെ വിട്ടയച്ചു; മാവോയിസ്റ്റ് ബന്ധം കൃത്രിമമെന്ന് അഭിലാഷ്

കോഴിക്കോട്: പന്തീരങ്കാവ് കേസിൽ തെളിവില്ലാതെ പ്രതിരോധത്തിലായ എൻഐഎ കൃത്രിമമായി തെളിവുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് എൻഐഎ കസ്റ്റഡിയിലെടുത്ത അഭിലാഷ്. എൻഐഎയുടെ വാർത്താകുറിപ്പ് പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് അഭിലാഷ് കുറ്റപ്പെടുത്തി. പന്തീരങ്കാവ് കേസിൽ തേജസ് ഓണ്‍ലൈന്‍ സബ് എഡിറ്ററായ അഭിലാഷിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യല്ലിന് ശേഷമാണ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് അഭിലാഷിന് മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ പ്രസ്താവന ഇറക്കിയത്.

ഇന്ന് രാവിലെ ആറോടെയാണ് എന്‍ഐഎ സംഘം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ വാടക വീട്ടിലെത്തിയത്.

കോഴിക്കോട്ട് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളിൽ രണ്ട് പേർ രണ്ട് സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളെന്ന് ഇന്നലെയാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. വയനാട് സ്വദേശി വിജിതും കണ്ണൂർ സ്വദേശി അഭിലാഷുമാണ് പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിൽ അലനെയും താഹയെയും സിപിഐ മാവോയിസ്റ്റുമായി ബന്ധപ്പെടുത്തിയതെന്നും എൻഐഎ വാർത്താകുറിപ്പിൽ പറയുന്നു.

അഭിലാഷിൻ്റേയും വിജിത്തിൻ്റേയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി നിരവധി രേഖകൾ കിട്ടിയെന്നും എൻഐഎ വാ‍ർത്താക്കുറിപ്പിൽ അറിയിക്കുന്നുണ്ട്. എന്നാൽ ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി എൽദോയെക്കുറിച്ച് വാർത്താക്കുറിപ്പിൽ പരാമർശമില്ല. അതേസമയം 12 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി ഒമ്പത് മണിയോടെ അഭിലാഷിനെ എഐഎ സംഘം വിട്ടയച്ചത്. നാളെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് വിട്ടയച്ചതെന്ന് അഭിലാഷ് പറഞ്ഞു.

വീട്ടില്‍ പരിശോധന നടത്തിയ സംഘം അഭിലാഷ് പടച്ചേരി, ഭാര്യ ശ്വേത എന്നിവരുടെയും മൊബൈല്‍ ഫോണുകളും ലാപ് ടോപ്പ് തുടങ്ങിയവയും എടുത്തുകൊണ്ടുപോവുകയും അഭിലാഷിനെ നടക്കാവിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ചോദ്യംചെയ്ത് വിട്ടയക്കാമെന്നു പറഞ്ഞ എന്‍ഐഎ സംഘം മണിക്കൂറുകള്‍ക്കു ശേഷം രാത്രിയാണ് വിട്ടയച്ചത്. നാളെ എന്‍ഐഎ ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചതെന്ന് അഭിലാഷ് പടച്ചേരി പറഞ്ഞു. മാവോവാദി ബന്ധം ആരോപിച്ച് നേരത്തെ പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയും എന്‍ ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്ത പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടോ എന്നായിരുന്നു എന്‍ഐഎ അന്വേഷിച്ചത്. കസ്റ്റഡിയിലെടുക്കുന്ന വിവരം സുഹൃത്തുക്കളെയോ സ്ഥാപന അധികൃതരെയോ അറിയിക്കാനും സംഘം അനുവദിച്ചിരുന്നില്ല. അഭിലാഷിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെ മറ്റിടങ്ങളില്‍ നിന്നും വിജിത്ത്, എല്‍ദോ എന്നീ രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും നടക്കാവിലെ ക്യാംപ് ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. മാവോവാദി ബന്ധം ആരോപിച്ച് വയനാട്ടില്‍ പോലിസ് വെടിവച്ചുകൊലപ്പെടുത്തിയ സി പി ജലീലിന്റെ വീട്ടിലും തറവാട്ടിലും ഇന്നു രാവിലെ മുതല്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്നു ലാപ്‌ടോപ്പും മൊബൈലുകളും ഇ റീഡറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.