കോഴിക്കോട്: സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസായ സാഹചര്യത്തിൽ മദ്യവില്പനയിൽ പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം. നിലവിൽ തീരുമാനം ആയിട്ടില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, ബാറുകൾ തുറക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബാറുകളിൽ നിന്ന് പാർസൽ നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
മൂന്നാം ഘട്ട ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ ഗൈഡ് ലൈൻ പരിശോധിച്ച് മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിൻ്റെ സാഹചര്യം കൂടി പരിശോധിക്കും. കേന്ദ്ര ഗൈഡ് ലൈനിൽ ബാറിൻ്റെ കാര്യം പറഞ്ഞിട്ടില്ല. അതിനാൽ ബാറുകൾ അടഞ്ഞ് തന്നെ കിടക്കുമെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര നിർദ്ദേശ പ്രകാരം, മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകൾ തുറക്കുന്നതിന് വിലക്കില്ല. മദ്യവില്‍പ്പന കേന്ദ്രങ്ങൾ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ്. ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. ഒരു സമയത്ത് അഞ്ച് പേരിൽ കൂടുതൽ കടകളിൽ ഉണ്ടാകരുത്.