കോൺഗ്രസിന്റെ സംസ്ഥാനവ്യാപക ചക്രസ്തംഭന സമരം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ സംസ്ഥാനവ്യാപക ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചിട്ടുണ്ട്.

കൊച്ചിയിൽ ദേശീയപാത ഉപരോധത്തിനിടെ നടൻ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും പിന്നാലെ കേന്ദ്രം ഇന്ധനവില കുറച്ചത് കോൺഗ്രസിന് കരുത്തായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയുള്ള ചക്രസ്തംഭന സമരത്തിന് കെ.സുധാകരൻ നേതൃത്വം നൽകും. കൊച്ചിയിലെ റോഡ് ഉപരോധത്തെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുക്കും.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

18,355 കോടി രൂപയാണ് ഇന്ധനനികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധന വിലയും നികുതിയും കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റി. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു