തിരുവനന്തപുരം: മകൾക്ക് ബിരുദദാനം നിർവ്വഹിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാരക്കോണത്തെ ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങിൻ്റെ ഉദ്ഘാടകനായെത്തിയപ്പോഴാണ് ആന്റണി രാജു മകൾ റോഷ്നിയടക്കമുള്ളവർക്ക് ബിരുദം നൽകിയത്.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ബിരുദ ദാന ചടങ്ങ്. ഈ അസുലഭ അവസരത്തിൻ്റെ അതിയായ സന്തോഷം മന്ത്രി ഫെയ്സ് ബുക്കിൽ പങ്കുവച്ചു. രക്ഷാകർത്താവെന്ന നിലയിൽ നിരവധി തവണ കോളേജിൽ പോയിട്ടുണ്ടെങ്കിലും മുഖ്യാതിഥിയായി എത്തുന്നത് ആദ്യമായിട്ടാണെന്ന് മന്ത്രി കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ;
മകൾക്ക് ബിരുദ ദാനം നൽകാനുള്ള അസുലഭ അവസരം ലഭിച്ചു. ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മകൾ ഡോ. റോഷ്നി രാജു ഉൾപ്പെടെയുള്ളവർക്ക് ബിരുദ ദാനം നടത്താൻ ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷം. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ.
ഒരു രക്ഷകർത്താവെന്ന നിലയിൽ നിരവധി തവണ കോളേജിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോളേജ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചു. ഒരു വർഷം മുമ്പ് നടക്കേണ്ട കോൺവൊക്കേഷൻ ചടങ്ങ് കൊറോണ മൂലമാണ് നീണ്ടു പോയത്.
സിഎസ്ഐ ദക്ഷിണേന്ത്യ മോഡറേറ്റർ റവ. ധർമ്മരാജ് റസാലം, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, എസ്എംസിഎസ്ഐ ഡയറക്ടർ ഡോ. ജെ. ബനറ്റ് എബ്രഹാം, ഡോ. ഷെൽഡം ജെയിംസ് ഗൗഡിനോ, ഡോ. പുനിതൻ ടെട്രോ ഒലി, എസ്എംസിഎസ്ഐ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജെ. അനൂഷ മെർലിൻ, ഐഎംഎ നാഷണൽ പ്രസിഡന്റ് ഡോ. ജെ. എ. ജയപാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു…