ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ് മുങ്ങി

മലപ്പുറം: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തി യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ് മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ ഫറോക്ക് പൊലീസാണ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക് അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്.

ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി മന്ത്രവാദം നടത്താൻ പ്രേരണ നൽകി ഉസ്താദിനെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടർ പരീക്ഷണമെന്ന നിലക്കാണ് മന്ത്രവാദത്തിന് വഴങ്ങിയത്. ‘ഐശ്വര്യ മന്ത്രവാദ ചികിത്സക്ക്’ സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് ഉസ്താദ് അറിയിക്കുകയായിരുന്നു.