ദത്ത് നല്‍കിയ കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കാം; നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി. ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വ്യക്തവരുത്താന്‍ ഡിഎന്‍എ പരിശോധന വരെ നടത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോ‍ര്‍ട്ട് നല്‍കാന്‍ കുടുംബ കോടതി സി.ഡബ്ല്യൂ.സിയോട് നിര്‍ദ്ദേശിച്ചു.

അതേസമയം കേസ് പരിഗണിച്ചപ്പോള്‍ ശിശുക്ഷേമ സമിതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസന്‍സിന്‍റെ കാലാവധി കഴി‍ഞ്ഞതാണെന്ന് കോടതി വിമര്‍ശിച്ചു. സമിതി ഹാജരാക്കിയ ലൈസന്‍സിന്‍റെ കാലവാധി ജൂണ്‍ 30ന് അവസാനിച്ചതാണെന്ന് കോടതി പറഞ്ഞു. പരാതിയില്‍ സര്‍ക്കാര്‍ സമയോജിതമായി സര്‍ക്കാര്‍ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നടന്നുവരുകയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാകന്‍ കോടതിയെ അറിയിച്ചു.

ലൈസന്‍സ് പുതുക്കാനുള്ള നടപടിയുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ് മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി. അനുപമയുടെ പരാതിയില്‍ സര്‍ക്കാര്‍ സമയോജിതമായി ഇടപെട്ടുവെന്നും കുടുംബ കോടതി നിരീക്ഷിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെ, കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമ ഹൈക്കോടതില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

താന്‍ അറിയാതെയാണ് 4 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശംനല്‍കണമെന്നാണ് അനുപമയുടെ ഹര്‍ജിയിലെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത. എന്നിവരടക്കം ആറ് പേരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി.12 മാസമായി ആണ്‍കുട്ടിയെക്കുറിച്ച് യാതൊരു അറിവുമില്ല. പൊലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹ‍ര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

കുട്ടിയെ കാണാതായ സംഭവത്തില്‍ നിയമ നടപടികള്‍ കോടതിയില്‍ നില്‍ക്കെ ദത്ത് നടപടി നിയമപരമായിരുന്നുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും ഇക്കാരണത്താലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.