രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പിടികൂടി

പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പിടികൂടി. ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന 1.64 കോടി രൂപയാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

സംഭവത്തിൽ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. നാലു ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് ഷൊർണൂരിലേക്ക് സ്വർണ്ണം വാങ്ങാനായി കടത്തിക്കൊണ്ടുവന്ന പണമാണിതെന്നാണ് പ്രതികൾ പറഞ്ഞത്.

പണത്തിന്റെ യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കേസ് തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് മൂന്ന് കേസുകളിൽ നിന്ന് 2.21 കോടി രൂപ ട്രെയിനിൽ നിന്ന് പിടികൂടുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി.രാജിയുടെ നിർദ്ദേശപ്രകാരം എസ്.ഐ എപി അജിത്ത് അശോക്, എഎസ്ഐമാരായ സജു, സജി അഗസ്റ്റിൻ, തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.