തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കും. ഇത് സംബന്ധിച്ച് തമിഴ്നാടിന്റെ അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. അതിനാല്‍ സംസ്ഥാനം ഇക്കാര്യത്തില്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിലനിര്‍ത്താന്‍ തമിഴ്നാട് സമ്മതിച്ചതായി റോഷി അഗസ്റ്റിന് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ജലനിരപ്പ് 138 അടിയില്‍ എത്തിയാല്‍ സ്പില്‍ വേ വഴി ജലം ഒഴുക്കികളയും. ഇന്നലെ നടന്ന ഉന്നതതല യോഗം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മുല്ലപ്പെരിയാര്‍ തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞിരുന്നു. ഡാം തുറക്കുന്ന വിവരം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും ജില്ലാ ഭരണകൂടം തമിഴ്നാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2018 ലെ പോലെ ഗുരതരമായ സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം ജനങ്ങളുടെ ആശങ്കകള്‍ കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാം വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജലനിരപ്പില്‍ മാറ്റംവരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ ഡാം വന്നാലും തമിഴ്നാടിന് ആവശ്യമായ വെള്ളം നല്‍കുമെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി.
നേരത്തെ, ജലനിരപ്പില്‍ മാറ്റം വേണ്ടെന്ന് മേല്‍നോട്ട സമിതി നിര്‍ദേശിച്ചിരുന്നു. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ്, റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സമിതി റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കാന്‍ കേരളം സമയം തേടിയതിനെത്തുടര്‍ന്ന് കേസ് നാളത്തേക്കു മാറ്റി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചിരുന്നു, ഇതനുസരിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സമിതി റിപ്പോര്‍ട്ടിലെ പ്രതികരണം എഴുതി നല്‍കുമെന്ന് കേരളം അറിയിച്ചു. നാളെ രാവിലെയോടെ ഇതു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. നാളെ ഉച്ചയ്ക്കു രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.