കൊല്ലത്ത് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് മാസത്തിന് ശേഷം പ്രതി അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതി അഞ്ച് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസിന്റെ പിടിയിൽ. പാലോണം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ആറ്റുപുറത്തിന് സമീപം പാലോണത്ത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടില്‍ വ്യാജ വാറ്റ് നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചടയമംഗലം എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വാറ്റ് ചാരായം വില്‍ക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡ് കാണിച്ച ഉടന്‍ വിറക് കഷ്ണം ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരില്‍ ഒരാളുടെ തലയ്ക്ക് പരുക്കേറ്റു. ആക്രമണ വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വിഷ്ണു ഒളിവില്‍ പോയി. മറ്റ് നാലു പ്രതികളും പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച്‌ വിഷ്ണുവിനായി അന്വേഷണം നടത്തുകയായിരുന്നു. വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട വിഷ്ണുവിനെ കോടതി റിമാന്‍ഡ് ചെയ്തു.