നെയ്യാറ്റിന്‍കരയിൽ പത്ത് വീടുകൾ ഇടിഞ്ഞു; കുടുംബങ്ങളെ മാറ്റി; ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയും വെളളക്കെട്ടിനും പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. പത്ത് വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളിടിഞ്ഞു.

നെയ്യാറ്റിൻകര ടൗണിൽ രണ്ട് വീടുകളിടിഞ്ഞു. കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്‍റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്നലെ രാത്രിയിലും മഴ ഉണ്ടായി. എന്നാൽ പുലർച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. ഇപ്പോൾ മിക്ക ജില്ലയിലും മഴയ്ക്ക് ശമനമുണ്ട്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.

അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.