തിരുവനന്തപുരം: ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. 2397.18 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. 2397.86 അടിയാകുമ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാം തുറക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഇടമലയറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കുമെന്നും രാത്രി കാലത്ത് ഡാം തുറക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2403 ആണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇത് എത്തുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും ഇപ്പോള്‍ വ്യക്തമാക്കുന്നത്. വൃഷ്ടിപ്രദേശത്തെ മഴയെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.