മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി 24 ന്യൂസില്‍ നിന്നും രാജിവച്ചു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി 24 ന്യൂസില്‍ നിന്നും രാജിവച്ചു. കഴിഞ്ഞ ദിവസമാണ് സഹിന്‍ രാജിവച്ചത്. 24 ന്യൂസ് മാനേജ്‌മെന്റ് സഹിന്‍ ആന്റണിയോട് രാജിവയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ സഹിന്‍ ആന്റണിയെ അന്വേഷണ വിധേയമായി 24 ന്യൂസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശബരിമല ചെമ്പോല വിഷയത്തില്‍ രേഖ വ്യാജമാണെന്നു മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചതിനു പിന്നാലെ സഹിനെതിരെ കടുത്ത നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന സൂചനകളും വന്നിരുന്നു.

ഇതിനു മുമ്പായി സഹിനെ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കാന്‍ മാനേജ്‌മെന്റിനുമേല്‍ ഡയറക്ടര്‍മാരുടെ ഭാഗത്തു നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രാജി എഴുതി വാങ്ങിയതെന്നാണ് വിവരം. നേരത്തെ മോന്‍സന്റെ എല്ലാ വീഡിയോകളും നിര്‍മ്മിച്ചത് സഹിന്‍ ആന്റണിയാണെന്ന് തെളിഞ്ഞിരുന്നു.

ചാനലിന്റെ പ്രധാന ഓഹരിയുടമകളായ ഭീമ ഗ്രൂപ്പും ഗോകുലം ഗ്രൂപ്പും ചെമ്പോല വാര്‍ത്തയില്‍ കടുത്ത അതൃപ്തിയിലായിരുന്നു. ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി കൂടി പറഞ്ഞതോടെ സഹിന്‍ ആന്റണിയെ പുറത്താക്കാന്‍ ഇവര്‍ ചാനല്‍ മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം സഹിന്‍ ആന്റണിയെ ക്രൈംബ്രാഞ്ച് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ചോദ്യം ചെയ്യലില്‍ ഉന്നയിച്ചത്. എറണാകുളം പ്രസ്‌ക്ലബിന് വേണ്ടി മോന്‍സനില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയതായി സഹിന്‍ സമ്മതിച്ചിരുന്നു.

സഹിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസും സാമ്പത്തിക ചുറ്റുപാടും പോലീസ് അന്വേഷിച്ചിരുന്നു. കൊച്ചിയില്‍ പല ബിനാമി ഇടപാടുകളും ഇയാള്‍ക്ക് ഉള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഹിനെ വീണ്ടും ഈയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.