ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പ്; നിലവിലെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പരാജയപ്പെട്ടു

തിരുവനന്തപുരം: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പരാജയപ്പെട്ടു. നിലവിലുള്ള ഒൻപത് അംഗങ്ങളടക്കം 11 പേരെ തിരഞ്ഞെടുത്തു. സ്വാമി സാന്ദ്രാനന്ദയെക്കൂടാതെ സ്വാമി ശിവസ്വരൂപാനന്ദയും പരാജയപ്പെട്ടു. സ്വാമി ശുഭാംഗാനന്ദയും സ്വാമി സച്ചിദാനന്ദയുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ.

ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്. സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ബോധി തീർത്ഥ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ. പതിനൊന്നംഗ ബോർഡിലേക്ക് 21 പേരാണ് മത്സരിച്ചത്. 43 സ്വാമിമാർക്കാണ് വോട്ടവകാശം. എല്ലാവരും വോട്ട് രേഖപ്പെടുത്തി. അഞ്ചു വർഷമാണ് ബോർഡിന്റെ കാലാവധി.

ബ്രഹ്മവിദ്യാലയത്തിൽ ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പിനുശേഷം വൈകിട്ടോടെ ഫലം പ്രഖ്യാപിച്ചു. സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ബോധി തീർത്ഥ, സ്വാമി നിത്യസ്വരൂപാനന്ദ എന്നിവർ 21വോട്ടുകൾ വീതം നേടി തുല്യനിലയിലെത്തിയതോടെ നറുക്കിട്ട് ഒരാളെ ഒഴിവാക്കുകയായിരുന്നു. വോട്ട് തുല്യമായി വന്നാൽ മൂന്നു തവണ നറുക്കിട്ട് അതിൽ രണ്ടു പ്രാവശ്യം നറുക്കു വീഴുന്നവരെ തിരഞ്ഞെടുക്കുമെന്നാണ് വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിൽ നറുക്കിട്ടപ്പോൾ സ്വാമി നിത്യസ്വരൂപാനന്ദ പുറത്താവുകയായിരുന്നു.

ലഭിച്ച വോട്ട്: ശുഭാംഗാനന്ദ 26, സ്വാമി ഗുരുപ്രസാദ് 25, സ്വാമി സദ്രൂപാനന്ദ 24, സ്വാമി സൂക്ഷ്‌മാനന്ദ 24 , സ്വാമി പരാനന്ദ 23, സ്വാമി വിശാലാനന്ദ 23, സ്വാമി സച്ചിദാനന്ദ 23, സ്വാമി ഋതംഭരാനന്ദ 22, സ്വാമി ബോധി തീർത്ഥ 21, സ്വാമി ശാരദാനന്ദ 21, സ്വാമി വിശുദ്ധാനന്ദ 21.നിലവിലെ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ 15 ദിവസത്തിനകം നോട്ടീസ് നൽകി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം വിളിച്ച് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കും.സ്വാമി ഋതംഭരാനന്ദ മുൻ ജനറൽ സെക്രട്ടറിയാണ്. സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ എന്നിവർ മുൻട്രഷററും സ്വാമി ശാരദാനന്ദ നിലവിലെ ട്രഷററുമാണ്.