കൊച്ചി: കേരളം ചര്‍ച്ച ചെയ്ത കൊച്ചി കോര്‍പറേഷന്റെ പത്തു രൂപ ഊണ് പദ്ധതി തുടരാന്‍ നഗരസഭ സഹായം തേടുന്നു. കോര്പ്പറേഷന് ഫണ്ടില്‍ നിന്ന് ഇന്ന് ഒരു രൂപ പോലും പദ്ധതിക്ക് വേണ്ടി ചെലവഴിക്കില്ല എന്നതാണ് നഗരസഭയുടെ നിലപാട്. സിഎസ്ആര്‍ ഫണ്ട് , സംഭാവനകള്‍ എന്നിവ ഉപയോഗിച്ചു കൊണ്ട് ഹോട്ടല്‍ നടത്തിപ്പിനായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇതിനു വേണ്ടി പ്രത്യേക ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
സ്വദേശത്തു നിന്നും വിദേശത്തു നിന്നും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പദ്ധതിക്കായി സംഭാവനകള്‍ സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അറിയിച്ചു.
വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചിക്ക് (Samridhi @ Kochi) വലിയ സ്വീകാര്യതയാണ് കൊച്ചിയിലെ ജനങ്ങള്‍ നല്കി വരുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൊച്ചി നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളാണ്.
വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചും നിലവിലുള്ള സര്‍ക്കാര്‍ സബ്സിഡി ഉപയോഗിച്ചുമാണ് നഗരസഭ ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. 5 ദിവസം കൊണ്ട് 10,350 പേര്‍ക്കാണ് പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കിയത്. ഇതു ജനങ്ങളുടെ കൂട്ടായ്മയുടെ പദ്ധതിയാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് മേയർ പറഞ്ഞു. നഗരത്തിന്റെ വിശപ്പടക്കുന്നതോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നല്കി മാന്യമായ വേതനം ഉറപ്പാക്കുന്ന പദ്ധതി കൂടിയാണിത്.
ഇത്തരത്തിലുളള പദ്ധതികളെല്ലാം നടപ്പാക്കുമ്പോള്‍ സാധാരണ ഗതിയില്‍ സബ്സിഡി ഇനത്തില്‍ വലിയ തുക ചെലവഴിക്കേണ്ടതായി വരുന്നതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സി.എസ്.ആര് ഫണ്ട് ഉപയോഗിച്ചും വലുതും ചെറുതുമായ വിവിധ കമ്പനികളുടേയും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടേയും സഹായത്തോടെ ഈ പദ്ധതി എല്ലാവരിലും എത്തിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. അതിനായി പുതിയൊരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.