ഉത്ര വധക്കേസ്; സൂരജിനെ ഇന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും; ഗാര്‍ഹിക പീഡനക്കേസില്‍ ഉടന്‍ വാദം തുടങ്ങും

കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ടുള്ള ഗാര്‍ഹിക പീഡനക്കേസില്‍ ഉടന്‍ വാദം തുടങ്ങും. ഗാര്‍ഹിക പീഡനക്കേസില്‍ ഉത്രയുടെ ഭര്‍ത്താവ്‌ സൂരജിനെക്കൂടാതെ ഇയാളുടെ മാതാപിതാക്കളും, സഹോദരിയും പ്രതികളാണ്.

കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം സൂരജിനെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലായിരുന്നു ഇയാളെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഇരട്ട ജീവപര്യന്തം വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്.

ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സൂരജിന് 17 വര്‍ഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും, 5.85 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.