തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പ് നാളെ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ഏറ്റെടുക്കും. അതോടെ പുതിയ സര്‍വീസുകളും നിരക്കിളവും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും വരുമെന്നാണു പ്രതീക്ഷ. നടത്തിപ്പ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (എടിയാല്‍) ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി. മധുസൂദന റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ മറികടന്നാണ് അദാനി ഗ്രൂപ്പ് ടെന്‍ഡറില്‍ ഒന്നാമതെത്തിയത്. 50 വര്‍ഷത്തേക്കാണു കരാര്‍. ഓരോ യാത്രക്കാരനും 168 രൂപ വീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എടിയാല്‍ നല്‍കും. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ആറു മാസം കൂടി അദാനി സംഘത്തോടൊപ്പം പ്രവര്‍ത്തിക്കും. എയര്‍ ട്രാഫിക് കണ്ട്രോള് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന ചുമതലകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെയായിരിക്കും തുടര്‍ന്നും നിര്‍വഹിക്കുക. വിമാനത്താവളത്തിന്റെ പേര് മാറ്റേണ്ടെന്നാണു പ്രാഥമിക ധാരണ.
വിമാനത്താവളത്തില്‍ അടിയന്തരമായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് അധികൃതര്‍ യാത്രക്കാരുടെ സംഘടനകളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. നിയമ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെ നാളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ് ഉടന്‍ തുറക്കും. ഇതിനായി രാജ്യാന്തര കമ്പനിയായ ഫ്ളെമിങ്ങോയെ ചുമതലപ്പെടുത്തി. വിമാനത്താവളത്തിനു സമീപമുള്ള സ്വകാര്യ വാണിജ്യ ഭൂമി ഏറ്റെടുക്കുന്നതു പരിഗണനയിലുണ്ട്.
വിമാനത്താവള വികസനത്തിനായി പുതിയ ഭൂമി ഏറ്റെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം. നടത്തിപ്പ് ഏറ്റെടുക്കാനുള്ള സമയപരിധി ജൂലൈ ആയിരുന്നെങ്കിലും കോവിഡ് മൂലം മൂന്നു മാസം നീട്ടി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു. ഈ കാലാവധി 18-നു തീരും. കഴിഞ്ഞ വര്‍ഷം ഇതേ കാരണത്താല്‍ മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ അദാനിക്ക് ആറു മാസം കൂടുതല്‍ അനുവദിച്ചിരുന്നു.
തിരുവനന്തപുരത്തിനൊപ്പം ഗുവാഹത്തി, ജയ്പുര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പും കൈമാറാനുള്ള നടപടികള്‍ നടക്കുകയാണ്. അതേസമയം, സുപ്രീംകോടതിയില്‍ കേസ് നില്ക്കുന്നതിനാല് കൈമാറ്റത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ കേസ് നിലനില്ക്കുന്നതില് അദാനി ഗ്രൂപ്പിനും ആശങ്കയുണ്ട്. കേസില്‍ അന്തിമ തീരുമാനമാകാതെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കാനുള്ള സാധ്യത കുറവാണ്.