കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ബിൻസർ സലുവാണ് പിടിയിലായത്. കേസിൽ ഇപ്പോൾ 13 പേർ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കണ്ടെയ്‌നറുകളിൽ എത്തിക്കുന്ന മയക്കുമരുന്ന് ഇവർ ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വിൽപ്പന നടത്തിയിരുന്നത്.

കാക്കനാട് ഫ്‌ലാറ്റിൽ നിന്ന് അറസ്റ്റിലായ സംഘം എംഡിഎംഎ വാങ്ങിയതും ചെന്നൈയിൽ നിന്ന് തന്നെയാണ്. ഇത് എത്തിക്കാനായി പ്രവർത്തിച്ചവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു. ഇടുക്കി സ്വദേശികളായ ചിലരെക്കുറിച്ചുള്ള വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.

കേസിൽ അവസാനമായി അറസ്റ്റിലായ സുസ്മിത ഫിലിപ്പാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത്. ടീച്ചർ എന്ന് വിളിക്കുന്ന ഇവർ പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും വൻ തോതിൽ പണം അയച്ചു നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. എല്ലാ ഗൂഢാലോചനകളിലും പങ്കാളിയായിരുന്ന ഇവർ ക്ലബ്ബുകളിൽ ലഹരി പാർട്ടിയും സംഘടിപ്പിച്ചിരുന്നു.