കോഴിക്കോട്: കോടികൾ ചെലവഴിച്ച് നിര്‍മിച്ച കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് പ്രവര്‍ത്തനം ഒരു മാസത്തിനകം മറ്റൊരിടത്തേക്ക് മാറ്റും.14 നിലകളുള്ള ഇരട്ട വാണിജ്യ സമുച്ചയവും ബസ് സ്റ്റാന്‍ഡും ഓഫിസുമടങ്ങുന്ന 75 കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം മാറ്റുന്നത്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവും നിര്‍ദേശം നല്കി. മറ്റൊരു സര്‍ക്കാര്‍ സംരംഭമായ കെ.ടി.ഡി.എഫ്.സിയാണ് കെ.എസ്.ആര്.ടി.സിയുടെ ഭൂമിയില്‍ സമുച്ചയം നിര്‍മിച്ചത്. നിര്‍മാണം അശാസ്ത്രീയമാണെന്ന് ജനപ്രതിനിധികളടക്കം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു.
ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐ.ഐ.ടിയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധനായ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ടെര്‍മിനലിലെ ബസ്സ്റ്റാന്‍ഡ് എത്രയും പെട്ടെന്ന് മാറ്റാനാണ് നിര്‍ദേശം. കെട്ടിടം 30 കോടി രൂപ ഉപയോഗിച്ച് ബലപ്പെടുത്തും.
ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. മൂന്ന് മാസത്തിനകം അറ്റകുറ്റപ്പണി നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്റ്റാന്‍ഡ് എവിടേക്കാണ് മാറ്റുന്നതെന്ന് തീരുമാനമായിട്ടില്ല. നേരത്തേ, ടെര്‍മിനലിന്റെ പണി നടന്നപ്പോള്‍ പാവങ്ങാട് താല്‍ക്കാലിക ഡിപ്പോ ഒരുക്കിയിരുന്നു. ഇവിടെ സ്ഥലസൗകര്യമുണ്ടെങ്കിലും രണ്ടു ഭാഗത്തേക്കുമായി 17 കി.മീ ബസുകള്‍ ഓടിക്കണം. വന്‍തുകയുടെ ഡീസല്‍ ചെലവാകും. നഗരത്തില്‍ കെ.എസ്.ആര്.ടി.സിക്ക് സ്വന്തമായി സ്ഥലമുള്ളത് നടക്കാവ് വര്‍ക്ക്ഷോപ്പിലാണ്.
നുറുക്കണക്കിന് ബസുകള്‍ വന്നുപോകുന്നതോടെ സമീപത്തെ വയനാട് റോഡില്‍ വന്ഗതാഗതക്കുരുക്കുണ്ടാകും. ഇവിടേക്ക് രണ്ടു ഭാഗത്തേക്കുമായി അഞ്ചു കി.മീ ദൂരമുണ്ട്. മറ്റ് സ്ഥലങ്ങളും പരിഗണനയിലുണ്ട്. കെട്ടിടം രൂപകല്പന ചെയ്ത ആര്‍ക്കിടെക്ടിന്റെ പോരായ്മകളടക്കം നിലവിലെ വിജിലന്‍സ് അന്വേഷണത്തിലുമുള്പ്പെടുത്താന് ഗതാഗത വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി.
വര്‍ഷങ്ങളായിട്ടും ഒരു സ്ഥാപനം പോലും തുറക്കാത്ത വാണിജ്യസമുച്ചയമാണിത്. അടുത്തിടെ ഈ സമുച്ചയത്തിന്റെ നടത്തിപ്പ് ഒരു സ്വകാര്യ കമ്ബനിക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ ഒരു സ്ഥാപനവും ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 75 കോടിയുടെ വായ്പ പലിശയടക്കം 125 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അറ്റകുറ്റപ്പണിക്കുള്ള തുകയും വായ്പയിലൂടെ കണ്ടെത്തേണ്ടി വരും.