ബെവ്കോ ഔട്‌ലെറ്റുകൾ മേയ് നാലു മുതൽ തുറക്കാൻ നീക്കം

തിരുവനന്തപുരംം: ലോക്ക് ഡൗൺ അവസാനിക്കുന്ന അന്നു മുതൽ തുറന്നു പ്രവർത്തിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങാൻ ബവ്കോ ഔട്‌ലെറ്റുകൾക്ക് കോർപറേഷന്റെ നിർദേശം. നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വന്നാൽ മേയ് 4 മുതൽ തുറന്നു പ്രവർത്തിക്കാമെന്നാണ് ബവ്റിജസ് കോർപറേഷന്റെ വിലയിരുത്തൽ. ഇതിനായി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചൂണ്ടി കാണിച്ചു കൊണ്ടു ഔട്‌ലെറ്റ് മാനേജർമാർക്ക് ബവ്റിജസ് എം.ഡി, സ്പർജൻ കുമാർ കത്തു നൽകി.

ഇതിൽ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്, തുറക്കുന്നതിനു മുമ്പ് ഔട്ട് ലെറ്റുകളും വെയർഹൗസുകളും അണു നശീകരണം നടത്തണം, തുറന്നു പ്രവർത്തിക്കുന്ന ഔട്‌ലെറ്റുകളുടെ മുന്നിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തണം, സാമൂഹിക അകലം പാലിക്കുന്നെന്നു ഉറപ്പു വരുത്തണം തുടങ്ങി പത്തിന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

ഇക്കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നു ഓഡിറ്റർമാർ പരിശോധനയിൽ ഉറപ്പുവരുത്തണമെന്നും എം.ഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കടുത്ത നിയന്ത്രണങ്ങളില്ലെങ്കിൽ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. ഔട്‌ലെറ്റുകളും ഗോഡൗണുകളും സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ എം.ഡി സർക്കുലറായി പുറത്തിറക്കി

ലോക്ക് ഡൗൺ മാർച്ച് 24 മുതലാണ് ഔട്‌ലെറ്റുകളും, ഗോഡൗണുകളും പൂട്ടിയത്. പിന്നീട് ഡോക്ടറുടെ കുറിപ്പടിയിൽ ഗോഡൗണുകളിൽ നിന്നു മദ്യം നൽകാൻ തീരുമാനിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനായി അബ്കാരി ചട്ടങ്ങളിൽ സർക്കാർ ഭേദഗതിയും വരുത്തിയിരുന്നു.